Flash News

WELCOME TO GHSS UPPILIKAI

Tuesday 16 September 2014


ജി എച്ച് എസ് ഉപ്പിലിക്കൈ
2014 സെപ്തംബര്‍ 5
അധ്യാപക ദിനം

2014 – ലെ അധ്യാപക ദിനം ഏറെ പുതുമനിറഞ്ഞതായിരുന്നു. ഇന്ത്യന്‍ പ്രധാന മന്ത്രി 
നരേന്ദ്ര മോഡി,അധ്യാപക ദിനത്തില്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും
 വിദ്യാര്‍ത്ഥികള്‍ക്കുമായി നല്‍കിയ അധ്യാപക ദിന സന്ദേശം, സെപ്തംബര്‍ 5 ന്
 3 മണി മുതല്‍ 4.45 വരെ , ഇന്റര്‍നെറ്റ് വെബ് ബ്രൗസിംഗ് വഴി വിദ്യാലയത്തില്‍ 
കാണാനും കേള്‍ക്കാനുമുളള അവസരമൊരുക്കി.അധ്യാപക ദിനത്തോടനുബന്ധിച്ച് 
വിദ്യാലയത്തില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഗുരുവന്ദനം സംഘടിപ്പിച്ചു. ക്ലാസ് പ്രതിനിധികള്‍ നാടന്‍പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച പൂച്ചെണ്ടുകള്‍ നല്‍കി അധ്യാപകരെ ആദരിച്ചു.
 'എന്റെ ഗുരുനാഥന്‍ ' അനുഭവക്കുറിപ്പ് തയ്യാറാക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു.

കൃഷി -രണ്ടാംഘട്ടം

ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്റെറി സ്കൂളില്‍ ആരംഭിച്ച ജൈവ-പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം
 ജൈവ വള പ്രയോഗത്തോടെ തുടക്കം കുറിച്ചു.പി ടി എ, മദര്‍ പി ടി എ അംഗങ്ങളുടെ
 സഹകരണത്തോടെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് തൈകള്‍ പറിച്ചു നട്ടു. വള പ്രയോഗം നടത്തി.കാഞ്ഞങ്ങാട് കൃഷി ഭവനില്‍ നിന്നും സൗജന്യമായി ലഭിച്ച തക്കാളി, വഴുതിന, പച്ചമുളക്,
 എന്നിവയുടെ തൈകളും പായ്ക്കറ്റുകളും കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും കൃഷിയിടത്തില്‍ നടുകയും ചെയ്തു.കൃഷിയിടത്തില്‍ നിന്നും മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും .

ഓണാഘോഷം
ഉപ്പിലിക്കൈ
05.09.2014
ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്റെറി സ്കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഓണസദ്യ ,നാടന്‍വിഭവങ്ങാളാല്‍ ശ്രദ്ധേയമായി.തലേദിവസം ക്ലാസടിസ്ഥാനത്തില്‍ കലവറനിറയ്കല്‍ മത്സരം നടന്നു. കുട്ടികള്‍ കൊണ്ടുവന്ന ചേനതണ്ട്,ചേമ്പിന്‍താള്‍,വാഴകാമ്പ്,വിവിധ തരം ഇലക്കറികള്‍ തുടങ്ങി നാടന്‍ വിഭവങ്ങളാല്‍ പോഷക സമൃദ്ധമായ സദ്യയൊരുക്കാന്‍ പി ടി എ, മദര്‍ പി ടി എ അംഗങ്ങളുടെ സജീവ സഹകരണം ഉണ്ടായിരുന്നു. സദ്യയുടെ ശ്രദ്ധയമായ രുചിക്കൂട്ട്,വിവിധ ഇലകള്‍ ചേര്‍ത്ത് ഒരുക്കിയ ഇലക്കറിയും, കാമ്പും താളും ചേര്‍ത്ത് ഒരുക്കിയ പച്ചടിയുമായിരുന്നു.കൂടാതെ L P , U P, H S, H S S വിഭാഗങ്ങളിലായി വിവിധ മത്സരങ്ങള്‍ നടത്തി. പൂക്കളമത്സരം,വടംവലി,കസേരകളി എന്നീ ഇനങ്ങളില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

S B I യുടെ ഓണസമ്മാനം
S B Iയുടെ നീലേശ്വരം ശാഖാമാനേജര്‍ ശ്രി. ജയരാജ് അവര്‍കള്‍ ഓണസമമാനമായി സ്കൂളിന് ഒരു കംപ്യൂട്ടര്‍ നല്കി. വിദ്യാലയത്തിലെ കംപ്യൂട്ടറിന്റെ അപര്യാപ്തതയ്ക്ക് തീര്‍ച്ചയായും ഈ സമ്മാനം ഒരാശ്വസമായി.

ജി എച്ച് എസ് എസ് ഉപ്പിലിക്കൈ
സാക്ഷരം 2014- 'ഉണര്‍ത്ത് '
11-09-2014
കാസര്‍ഗോഡ് ജില്ലയില്‍ നടന്നു വരുന്ന 'സാക്ഷരം 2014 'പരിപാടിയുടെ ഭാഗമായുളള 'ഉണര്‍ത്ത് ' സഹവാസക്യമ്പ് ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്റെറി സ്കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ 
ശ്രീ പി വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി കെ വി പുഷ്പ ടീച്ചറുടെ 
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാക്ഷരം കണ്‍വീനര്‍ ശ്രീ കെ ചന്ദ്രന്‍ മാസ്റ്റര്‍ 
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജീവന്‍ മാസ്റ്റര്‍ നന്ദിയും രേഖപെടുത്തി.
 അധ്യാപകരുടെ നേതൃത്വത്തില്‍ ഉണര്‍ത്തു പാട്ടോടെ ക്യമ്പ് ആരംഭിച്ചു. വിവിധ 
അധ്യാപകരുടെ മേല്‍നോട്ടത്തില്‍ മൊഡ്യൂള്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി 
കുട്ടികളിലേയ്ക്കെത്തിച്ചു. പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ സജീവമായി ഇടപെടുകയും
 ആവേശപൂര്‍വം അധ്യാപകരൊരുക്കിയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
 കുട്ടികള്‍ക്കായി 11.30-ന് ലഘുഭക്ഷണവും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കി. 
ഉണര്‍ത്ത് ' ക്യമ്പ് കുട്ടികള്‍ക്ക് ഒരു പുത്തനുണര്‍വ് നല്കി.

Wednesday 3 September 2014



സ്കൂള്‍ തല പ്രവൃത്തിപരിചയമേള – 2014-15
ജി എച്ച് എസ്സ് ഉപ്പിലിക്കൈ
ഉപ്പിലിക്കൈ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ , 2014-15 വര്‍ഷത്തെ
 പ്രവൃത്തിപരിചയമേള21.8.2014ന് ഉദ്ഘാടനം ചെയ്തു. വിദ്യാലത്തിലെ 
ചിത്രകാരിയായ നീലാംബരി , ചിത്രം വരച്ചാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.  
സ്കൂള്‍ ഹെ‍ഡ്മിസ്ട്രസ്ശ്രീമതി കെ വി പുഷ്പ , കണ്‍വീനര്‍ ആഗ്നസ് ജോസഫ്,ജോയ്ന്റ് കണ്‍വീനര്‍
 ഇന്ദിരാദേവികുഞ്ഞമമ എന്നിവര്‍ സംസാരിച്ചു. സെപ്തംബര്‍ 23 ന് മേള 
സംഘടിപ്പിക്കുന്ന കാര്യം യോഗത്തില്‍ അറിയിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം
റെഡ് ക്രോസ് യൂണിറ്റിന്റെ പരേഡിനു ശേഷം പതാക ഉയര്‍ത്തല്‍ ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ ടീച്ചര്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീപതി മാസ്റ്ററുടെ സാന്നിധ്യത്തില്‍ റെഡ് ക്രോസ് യൂണിറ്റിന്റെ അഭിവാദനം സ്വീകരിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം P T A പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി വി മോഹനന്‍ നിര്‍വ്വഹിച്ചു. M P T A പ്രസിഡണ്ട് ആശംസ അര്‍പ്പിച്ചു. S S L Cവിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും അവാര്‍ഡ് വിതരണവും നടന്നു. തുടര്‍ന്ന് സ്കൂള്‍ ഗ്രൗഡില്‍ വച്ച് 'ജയ്ഹോ' മാസ്ഡ്രില്ലില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിനിരന്നു. ഇന്ത്യയുടെ ഭൂപടം തീര്‍ത്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ അണിനിരന്നു. പി കുഞ്ഞിരാമന്‍ നായരുടെ 'മാതൃവന്ദനം' എന്ന കവിതയുടെ നൃത്താവിഷ്കാരം ഗ്രൗണ്ടില്‍ അവതരിപ്പിച്ചു. 9 A ക്ലാസിന്റെ നൃത്തശില്പം സ്റ്റേജില്‍ നവ്യാനുഭവമായിരുന്നു. ദേശഭക്തി ഗാനാലാപനവും സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി. പായസവിതരണത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സന്ദര്‍ശനം

18/8/2014 ന് തിങ്കളാഴ്ച ഉപ്പിലിക്കൈ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ കാഞ്ഞങ്ങാട് 
വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്തിന്റെ നേതൃത്തിലുള്ള സംഘം 
സന്ദര്‍ശനം നടത്തി.ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍, ശ്രീ ദേവരാജന്‍ മാസ്റ്റര്‍ , 
ശ്രീ നാരായണന്‍ മാസ്റ്റ്രര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. അച്ചടക്കം,കുടിവെള്ള സൗകര്യം,ഉച്ചകഞ്ഞി,മാലിന്യനിര്‍മാര്‍ജനം,ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍,ഓഫീസ് റിക്കാര്‍ഡുകള്‍ എന്നിവ വിലയിരുത്തി.തുടര്‍ന്ന് സ്റ്റാഫംഗങ്ങളുടെ യോഗം നടന്നു.
സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പ്രസ്തുതയോഗത്തില്‍ വെച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍പ്രവര്‍ത്തനങ്ങിലൂടെ സ്കൂള്‍ മുന്നേറണ്ടതിന്റെ ആവശ്യകതയെപറ്റി ഓര്‍മിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ സന്ദര്‍ശനം സ്കൂളിന് പുതിയ ഉണര്‍വേകി.